Share this Article
News Malayalam 24x7
'നാണംകെട്ട പണിക്ക് എന്നെക്കിട്ടില്ല'; MLA ഫണ്ട്, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയിൽ തന്റെ പേര് വയ്‌ക്കരുതെന്ന് പൂഞ്ഞാർ എംഎൽഎ
വെബ് ടീം
1 hours 19 Minutes Ago
1 min read
poonjar mla


കോട്ടയം: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളിൽ തന്റെ പേര് എഴുതരുതെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ. ആർ ശങ്കർ മെമ്മോറിയൽ യു പി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ തുകയുടെ വികസന പ്രവർത്തികൾ ചെയ്‌ത ശേഷം സ്വന്തം പേര് പരസ്യപ്പെടുത്തി ഫലകം സ്ഥാപിക്കുന്ന രീതിയെ സെബാസ്റ്റ്യൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എംഎൽഎയുടെ സ്വന്തം നേട്ടമായി ചിത്രീകരിക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു കിണറിന് 5,000 രൂപ സബ്‌സിഡി നൽകിയിട്ട്, അല്ലെങ്കിൽ മുക്കാൽ ചങ്ങല നീളമുള്ള റോഡ് ടാർ ചെയ്‌തിട്ട് ചെണ്ട മേടിച്ച് കൊട്ടിക്കൊണ്ടുപോയി പേരെഴുതി വയ്‌ക്കുന്ന നാണംകെട്ട പണിക്ക് എന്നെ കിട്ടില്ല. എംഎൽഎ ഫണ്ട് അനുവദിക്കുമ്പോൾ തന്നെ ഞാൻ പറയാറുണ്ട്, ദയവ് ചെയ്‌ത് എന്റെ പേര് അതിൽ എഴുതിവയ്‌ക്കരുതെന്ന്.സർക്കാരിന്റെയും ജനങ്ങളുടെയും പണമെടുതത് അത് എന്റെ ഫണ്ടാണെന്ന് പേരെഴുതി വയ്‌ക്കുന്നതിൽ എന്ത് കാര്യമാണുള്ളത്? ജനങ്ങൾ ജയിപ്പിച്ചുവിട്ടാൽ അത് നിർവഹിക്കുന്ന എന്നത് എന്റെ ഡ്യൂട്ടിയാണ്. ഭഗവദ്‌ഗീതയിൽ പറയുന്നതുപോലെ, കർമം ചെയ്യുക, ഫലം ഇച്ഛിക്കരുത് എന്നതാണ് എന്റെ നയം. ജനങ്ങൾ നൽകിയ ചുമതല കൃത്യമായും ഭംഗിയായും ചെയ്‌ത് തീർക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം' - സെബാസ്റ്റ്യൻ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories