കടയ്ക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഇന്ന് രാവിലെ ഉഗ്രസ്ഫോടനം ഉണ്ടായി. രാവിലെ 11 മണിയോടെ ഉണ്ടായ സ്ഫോടനത്തിൽ സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിന്റെ ജനൽചില്ലുകൾ തകർന്നു. ബോംബ് പൊട്ടുന്നതിന് സമാനമായ വലിയ ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സ്റ്റേഷൻ കോമ്പൗണ്ടിലെ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന പടക്കങ്ങളോ മറ്റ് സ്ഫോടക വസ്തുക്കളോ ആകാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന സ്ഥലത്ത് മണ്ണ് ഇളകിമറിഞ്ഞ നിലയിലാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ക്വാർട്ടേഴ്സിലെ ജനൽ ഗ്ലാസുകൾ പലതും പൊട്ടിത്തകർന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.