തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരം , ബസ്റ്റാൻറ് തുടങ്ങിയ പൊതുയിടങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ നിരീക്ഷിക്കുന്നതിനും സാമൂഹ്യവിരുദ്ധരെ കണ്ടുപിടിക്കുന്നതിനുമായി ഗുരുവായൂർ ടെംമ്പിൾ പോലീസ് സ്ട്രെയ്ഞ്ചേഴ്സ് പട്രോൾ എന്ന പദ്ധതി ആരംഭിച്ചു.
സെപ്റ്റംബർ 17 വ്യാഴാഴ്ച മുതലാണ് സട്രെയ്ഞ്ചേഴ്സ് പട്രോൾ ടീം പ്രവർത്തനം ആരംഭിച്ചത്. രാത്രികാലങ്ങളിൽ നടത്തുന്ന ഈ പട്രോളിങ്ങിലൂടെ ഗുരുവായൂർ ടെമ്പിൾ, ബസ്സ് സ്റ്റാൻറ് എന്നിവിടങ്ങളിലും മറ്റു പരിസരങ്ങളിലുമുള്ള അപരിചിതരെ നിരീക്ഷിക്കുകയും സാമൂഹ്യ വിരുദ്ധർ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ തുടങ്ങിയവരെ കണ്ടെത്തി അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക എന്നതാണ് സട്രെയ്ഞ്ചേഴ്സ് പട്രോളിങ്ങിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സുരേന്ദ്രൻ മങ്ങാട്ട് അറിയിച്ചു.
സാമൂഹ്യവിരുദ്ധർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, സമൂഹത്തിൻറെ സംരക്ഷണം ആവശ്യമുള്ള ആളുകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ആളുകളെ പ്രത്യേകം നിരീക്ഷിച്ചു വിവരശേഖരണം നടത്തുക കൂടി ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരും ജനമൈത്രി സമിതിയിൽ നിന്നും രണ്ടുപേരും അടങ്ങുന്ന സംഘമാണ് സ്ട്രെയ്ഞ്ചേഴ്സ് പട്രോളിങ്ങ് നടത്തുക. ഈ പട്രോളിങ്ങിലൂടെ കണ്ടെത്തുന്ന അശരണരായ ആളുകളുടെ ഡാറ്റ ശേഖരിച്ച് മുനിസിപ്പാലിക്ക് കൈമാറുന്നതിനും സാധ്യമാകും. ക്ഷേത്ര പരിസരത്തുള്ളവരെ നിരീക്ഷിക്കുന്നതിനായി ടെമ്പിൾ പോലീസും ഗുരുവായൂർ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരും സംയുക്തമായ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഇതിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരേയും ക്ഷേത്ര പരിസരത്തേയും അപരിചിതരായവരേയും സംശാസ്പദമായവരേയും നിരീക്ഷിക്കാനും കഴിയുമെന്നും കണ്ടെത്തിയ സാമൂഹ്യ വിരുദ്ധരും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വ്യക്തികൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഗുരുവായൂർ അസിസറ്റൻറ് കമ്മീഷണർ അറിയിച്ചു.