മൂന്നാറിലെ മലനിരകളിൽ പൂത്തുലഞ്ഞ നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് കൈയിൽവെച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് കർശന നടപടി സ്വീകരിച്ചത്.
കുട്ടിയാർ സ്വദേശിയായ യുവാവ് ഉൾപ്പെടെയുള്ളവരാണ് കുറിഞ്ഞിപ്പൂക്കൾ പറിച്ച് തലയിലും കൈകളിലുമണിഞ്ഞ് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ ഫോം-1, മഹസ്സർ എന്നിവ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുമെന്നും പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.
മൂന്നാറിലെ വിവിധ മേഖലകളിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തതോടെ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ, നിയന്ത്രിത മേഖലകളിൽ അനധികൃതമായി അതിക്രമിച്ചു കയറുന്നതും പൂക്കൾ പറിച്ചെടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.