Share this Article
News Malayalam 24x7
യുവതിയെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ചെത്തി; അഞ്ചംഗ സംഘം പിടിയിൽ
Guruvayur Police Arrest 5-Member Gang

യുവതിയെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് ഉൾപ്പെടെ അഞ്ചംഗ സംഘം ടെമ്പിൾ പൊലീസിന്റെ പിടിയിലായി. ഇടുക്കി തൊടുപുഴ സ്വദേശികളായ പ്രസാദ്, ആദർശ്, ബിനീഷ്, ഷാഹിദ് അലി, സ്റ്റെഫിൻ എന്നിവരാണ് അറസ്റ്റിലായത്.

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം. പെൺവേഷത്തിൽ പണപ്പിരിവ് നടത്തുകയായിരുന്ന പ്രസാദിനെ സംശയം തോന്നി പൊലീസ് ആദ്യം പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആദർശിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇവർ തൊടുപുഴ സ്വദേശികളാണെന്നും, പ്രസാദിനെതിരെ നിരവധി കേസുകളുണ്ടെന്നും വ്യക്തമായത്.


തൃശൂരിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ വന്നതാണെന്നായിരുന്നു പ്രസാദ് ആദ്യം പൊലീസിനോട് പറഞ്ഞത്. സ്ത്രീകൾ മാത്രം താമസിക്കുന്ന ഫ്ലാറ്റിലേക്ക് കടക്കാനാണ് പെൺവേഷം ധരിച്ചതെന്നും ഇയാൾ മൊഴി നൽകി. എന്നാൽ ഈ മൊഴിയിൽ സംശയം തോന്നിയ പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിലാണ് തൊടുപുഴ രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ പ്രസാദിന്റെയും ആദർശിന്റെയും സുഹൃത്തുക്കളാണെന്ന് സമ്മതിച്ചു.


തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക ശ്രമത്തിന്റെ ചുരുളഴിയുന്നത്. സ്പായിൽ ജോലി ചെയ്യുന്ന യുവതിയും പ്രസാദും തമ്മിൽ മുൻപ് അടുപ്പത്തിലായിരുന്നു. കുറച്ചുകാലമായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവതിയെ വകവരുത്താനായാണ് സംഘം ഗുരുവായൂരിൽ എത്തിയത്. പ്രസാദിനെ ഭയന്നാണ് താൻ തൃശൂരിൽ നിന്നും മാറി ഗുരുവായൂരിൽ താമസിക്കുന്നതെന്ന് യുവതി പൊലീസിനെ അറിയിച്ചു.


യുവതിയെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് പ്രതികളുടെയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories