പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചു കൊണ്ട് മൂവാറ്റുപുഴയിൽ വീണ്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നു. കിഴക്കേക്കര മണിയും കവലയിലാണ് 'നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ' എന്നെഴുതിയ ബോർഡ് സ്ഥാപിച്ചത്. ബോർഡിൽ ആരുടേയും പേരോ മറ്റ് വിശദാംശങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
വി.ഡി സതീശനുമായി അടുത്ത ബന്ധം പുലർത്തുന്ന ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരുള്ള മേഖലയാണ് കിഴക്കേക്കര. ഫ്ലക്സ് ബോർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദങ്ങൾക്കും തുടക്കമായി. പിന്നാലെ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഈ ഫ്ലക്സ് ബോർഡ് നീക്കം ചെയ്യുകയും ചെയ്തു. പാർട്ടി നേതൃത്വത്തിന്റെ കർശനമായ നിർദ്ദേശങ്ങൾ മറികടന്നാണ് ഇത്തരത്തിൽ ഒരു ബോർഡ് സ്ഥാപിച്ചതെന്നാണ് വിലയിരുത്തൽ. സതീശനെ അനുകൂലിക്കുന്നവർ തന്നെയാണോ അതോ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മറ്റാരെങ്കിലും ചെയ്തതാണോ ഇതെന്ന് കോൺഗ്രസ് നേതൃത്വം അന്വേഷിച്ചു വരികയാണ്.