കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ പുരോഗമിക്കവെ, നേതാക്കൾക്കായി അണികൾ നടത്തുന്ന 'ഫ്ലക്സ് യുദ്ധം' കൂടുതൽ ശക്തമാകുന്നു. വി.ഡി. സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന ഫ്ലക്സ് ബോർഡുകൾ ഇപ്പോൾ കൊല്ലത്തും മലപ്പുറത്തും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
കൊല്ലം മൺട്രോതുരുത്തിലെ വിവിധ ഭാഗങ്ങളിലാണ് "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ സ്ഥാപിതമായിരിക്കുന്നത്. "നമ്മെ ഭരിച്ചവൻ നാട് ഭരിക്കട്ടെ", "നോക്കുകൂലി കോൺഗ്രസിന് വേണ്ട", "ഇല്ലെങ്കിൽ അണികൾ തിരുത്തും" തുടങ്ങിയ വികാരപരമായ വാചകങ്ങളാണ് ഈ ബോർഡുകളിൽ എഴുതിയിരിക്കുന്നത്.
മലപ്പുറം പുളിക്കലിലും വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഇവിടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തിൽ എഐസിസി നിയോഗിച്ച നിരീക്ഷകർ ചർച്ചകൾ തുടരുന്നതിനിടയിലാണ് ഇത്തരത്തിൽ അണികൾ തെരുവിൽ പരസ്യമായി രംഗത്തിറങ്ങുന്നത്.
നേരത്തെ തിരുവനന്തപുരം, കണ്ണൂർ, തൃശൂർ ജില്ലകളിലും ഇത്തരത്തിൽ സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.