കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല എഐസിസി അധ്യക്ഷന് നൽകാൻ നിയമസഭാ കക്ഷി യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകൾ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ എംഎൽഎമാരുമായി ചർച്ചകൾ പൂർത്തിയാക്കി. ഇവരുടെ അഭിപ്രായങ്ങൾ റിപ്പോർട്ടായി ഹൈക്കമാൻഡിന് കൈമാറും.
അതേസമയം, ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി എന്നിവർ വി.ഡി സതീശനെ പിന്തുണയ്ക്കുന്നതായാണ് സൂചന. ജനവികാരം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അണികൾക്കിടയിലും വലിയ ആവേശമാണ് പ്രകടമാകുന്നത്. നേതാക്കൾക്കായി പലയിടങ്ങളിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം.