കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായുള്ള മഴ ശക്തമാകുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് (Yellow Alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ മാസം 26-ഓടെ കാലവർഷം കേരള തീരത്തെത്താനാണ് സാധ്യത.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതൽ സ്വീകരിക്കണം.അടുത്ത കുറച്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.