സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്.
മഴ മുന്നറിയിപ്പിനൊപ്പം തന്നെ കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11:30 വരെ കേരള തീരത്ത് 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.