സംസ്ഥാനത്ത് കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് നിലവിലുള്ളത്. നാളെ മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിർദ്ദേശിച്ചു. മോശം കാലാവസ്ഥയും ശക്തമായ തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.എന്നാൽ നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലിൽ പറയുന്നു.