സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് (മഞ്ഞ മുന്നറിയിപ്പ്) പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വയനാട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
നാളെ എട്ട് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.