മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ലളിതമായ ചടങ്ങുകളോടെ നടന്ന പാലുകാച്ചൽ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വസതി ഒഴിഞ്ഞിരുന്നെങ്കിലും ക്ലിഫ് ഹൗസിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഇതുകാരണം പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസത്തോളമായിട്ടും വി.ഡി. സതീശന് ക്ലിഫ് ഹൗസിലേക്ക് മാറാൻ സാധിച്ചിരുന്നില്ല. ഈ കാലയളവിൽ അദ്ദേഹം കന്റോൺമെന്റ് ഹൗസിലാണ് താമസം തുടർന്നിരുന്നത്.
അതേസമയം, പുതിയ സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം പിന്നിട്ടിട്ടും തനിക്ക് ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് മാറാൻ സാധിക്കാത്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസിലേക്കുള്ള താമസമാറ്റവും ഉടൻ ഉണ്ടാകുമെന്നാണ് വിവരങ്ങൾ.