Share this Article
News Malayalam 24x7
നീറ്റ് ക്രമക്കേട്: കേന്ദ്രത്തിനെതിരായ സംസ്ഥാന പ്രമേയം ഇന്ന് നിയമസഭയിൽ; മന്ത്രി റോജി എം. ജോൺ അവതരിപ്പിക്കും
Kerala Assembly to Move Resolution Against Center Over NEET Exam Irregularities

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ (NEET) വ്യാപകമായ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ നിസ്സംഗതയ്‌ക്കെതിരെയും തയ്യാറാക്കിയ ഔദ്യോഗിക പ്രമേയം ഇന്ന് നിയമസഭയിൽ ചർച്ചയ്‌ക്കുവരും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. ദേശീയ പരീക്ഷാ സംവിധാനം സമഗ്രമായി പരിഷ്‌കരിക്കണമെന്ന ആവശ്യമാണ് പ്രമേയത്തിലൂടെ സംസ്ഥാനം പ്രധാനമായും മുന്നോട്ടുവെക്കുന്നത്.


ഭരണപക്ഷമായ യു.ഡി.എഫ് കൊണ്ടുവരുന്ന ഈ പ്രമേയത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സഭയിലെ മൂന്ന് ബിജെപി അംഗങ്ങൾ പ്രമേയത്തെ എതിർക്കാനാണ് സാധ്യത. മുൻകാലങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരായ പ്രമേയങ്ങൾ കേരള നിയമസഭയിൽ ഏകകണ്ഠമായാണ് പാസായിരുന്നതെങ്കിൽ, ഇത്തവണ ബിജെപിയുടെ എതിർപ്പോടെ ആ പതിവിന് മാറ്റമുണ്ടാകും. എങ്കിലും സഭയിലെ ഭൂരിപക്ഷം കണക്കിലെടുത്ത് പ്രമേയം എളുപ്പത്തിൽ പാസാകും.


പ്രമേയത്തിലെ പ്രധാന ആവശ്യങ്ങൾ:

  • ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) നിരന്തരമായ പരാജയങ്ങളും ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയിട്ടുള്ള വലിയ ആശങ്കകൾ കേന്ദ്ര സർക്കാർ അടിയന്തരമായി പരിഹരിക്കണം.

  • ദേശീയ പരീക്ഷാ നടത്തിപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതുമാക്കാൻ സമഗ്രമായ പരിഷ്കരണങ്ങൾക്ക് കേന്ദ്രം തയ്യാറാകണം.

  • പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും വിശ്വാസ്യതയും പൂർണ്ണമായി ഉറപ്പുവരുത്താൻ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം അടിയന്തരമായി ഇടപെടണം.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം മാസങ്ങളായി രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിൽ കേരള നിയമസഭ പാസാക്കുന്ന പ്രമേയം ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories