Share this Article
News Malayalam 24x7
വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്
rain

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി വർദ്ധിച്ചതോടെ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് (മഞ്ഞ മുന്നറിയിപ്പ്) പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് പുറമെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ വയനാട് ജില്ലയിൽ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ല.


വയനാട് കല്ലാടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെങ്കിലും, പ്രദേശത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. പാലക്കാട് ജില്ലയിലും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്.


മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ചുരം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ രാത്രികാല യാത്രകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ-മലയോര മേഖലകളിൽ വസിക്കുന്നവർ അടിയന്തര സാഹചര്യങ്ങളിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories