പയ്യന്നൂരിലെ സിപിഐഎം വിശദീകരണ യോഗത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗത്തിന് മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. ഭീഷണിയുടെ സ്വരമാണ് പിണറായിടേത്. തെറ്റുതിരുത്താനുള്ള ഒരു ശ്രമവും സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പിണറായി പറഞ്ഞത്. എത്ര ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. അങ്ങനെ ഇത്രയും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞെന്ന് സമ്മതിക്കുന്നതിലൂടെ എന്ത് തെരഞ്ഞടുപ്പ് പ്രവര്‍ത്തനമാണ് സിപിഐഎം നടത്തിയത്. അതിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ വീണ്ടും സിപിഐഎം പരിഹാസ്യരാവുകായണെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ത്തന്നെ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് ഒരു പിബി അംഗം പരസ്യ നിലപാടെടുക്കുന്നത് ശരിയാണോ എന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം തീരുമാനിക്കട്ടെ. കോടാലിക്കൈ എന്നും വര്‍ഗവഞ്ചകന്‍ എന്നും വിളിക്കുകയല്ലാതെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി പിണറായിയോ കണ്ണൂര്‍ ജില്ലാ നേതൃത്വമോ നല്‍കുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.