നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 800-നോട് അടുക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 788 പേര്‍ മരിച്ചു. പ്രളയത്തില്‍ കാണാതായ 3000-ത്തോളം പേര്‍ക്കായുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു.
പ്രളയത്തില്‍ കാണാതായവരില്‍ 275 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ വിദഗ്ധ സംഘവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും നദികളില്‍ നിന്ന് നിരവധി മൃതേദഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കുശിഗര്‍ ജില്ലയിലെ ഗണ്ഡക് നദിയില്‍ നിന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ 13 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രളയത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കാസര്‍കോട് സ്വദേശികളായ റിട്ട. എസ്.ഐ പ്രദീപ് കുമാറും സുഹൃത്തുക്കളും കാഞ്ഞങ്ങാട്ടെത്തി. ഇതുവരെ 31 മലയാളികളാണ് സുരക്ഷിതരായി നാട്ടിലെത്തിയത്.
ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്ന് 900 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.