Share this Article
News Malayalam 24x7
'കറക്റ്റ് ദി മാപ്പിൽ' അമേരിക്ക മാത്രം എതിർത്ത് വോട്ട് ചെയ്തു, ആഫ്രിക്കയുടെ വലിപ്പം കൂടും!; പുതിയ ലോക ഭൂപടത്തിന് യുഎൻ അംഗീകാരം
വെബ് ടീം
8 hours 2 Minutes Ago
1 min read
WORLD MAP

ജനീവ: ആഫ്രിക്കയുടെ യഥാര്‍ഥ വലിപ്പം കൃത്യമായി പ്രതിഫലിപ്പിക്കുന്ന ലോകഭൂപടത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. പരമ്പരാഗത ഭൂപടത്തിന് പകരം പുതിയ ഭൂപടം ഉപയോഗിക്കുന്നതിനുള്ള പ്രമേയം യുഎൻ പൊതുസഭ വോട്ടെടുപ്പിലൂടെ പാസാക്കി.

ടോഗോയുടെ സ്പോൺസർഷിപ്പിൽ ആഫ്രിക്കൻ യൂണിയൻ അംഗങ്ങളുടെ പിന്തുണയോടെ കൊണ്ടുവന്ന 'കറക്റ്റ് ദി മാപ്പ്' പ്രമേയത്തെ ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെ 164 രാജ്യങ്ങൾ പിന്തുണച്ചു. അതേസമയം, ഈ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത ഏക രാജ്യം അമേരിക്കയാണ്. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഎൻ വോട്ടെടുപ്പ് രാജ്യങ്ങൾക്ക് നിയമപരമായി നിർബന്ധിതമല്ലെങ്കിലും, ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഭൂപടങ്ങളിൽ ഇത് മാറ്റങ്ങൾ വരുത്തും.പതിനാറാം നൂറ്റാണ്ട് മുതൽ പൊതുവായി ഉപയോഗിച്ചുവരുന്ന മെർക്കേറ്റർ ഭൂപടത്തിൽ ആഫ്രിക്കയെ ഗ്രീൻലാന്റിന് സമാനമായ വലുപ്പത്തിലാണ് കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ ആഫ്രിക്ക ഗ്രീൻലാന്റിനേക്കാൾ 14 മടങ്ങ് വലുതാണ്. ഇതിനാലാണ് മെർക്കേറ്റർ മാപ്പ് വ്യാപകമായി വിമർശിക്കപ്പെട്ടത്. ഇത്തരം ഭൂപടങ്ങൾ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങളുടെ വികസന ആവശ്യങ്ങളെയും അവരുടെ സാധ്യതകളെയും നിസ്സാരവൽക്കരിക്കുന്നതിലേക്ക് നയിക്കുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

യൂറോപ്യൻ പര്യവേക്ഷകരെ ലോകമെമ്പാടും സഞ്ചരിക്കാൻ സഹായിക്കുന്നതിനായി 1569-ൽ ഫ്ലെമിഷ് കാര്‍ട്ടോഗ്രാഫറായ ജെറാർഡസ് മെർക്കേറ്റർ ആണ് പഴയ ഭൂപടം രൂപകൽപന ചെയ്തത്. ലോക ഭൂപടം വരയ്ക്കുമ്പോൾ എല്ലായ്പ്പോഴും വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരാറുണ്ട്. മെർക്കേറ്റർ ഭൂപടം ഭൂമിയുടെ വളവിനെ ഉൾക്കൊള്ളുന്നത് ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള രാജ്യങ്ങളെ യഥാർത്ഥ അളവിനേക്കാൾ ചെറുതാക്കിയും, ധ്രുവങ്ങളോട് അടുത്തുള്ള രാജ്യങ്ങളെ കൂടുതൽ വലുതാക്കി കാണിച്ചുമാണ്.ഈ പ്രശ്നം പരിഹരിക്കാനായി 2018-ൽ കാർട്ടോഗ്രാഫർമാരുടെ ഒരു സംഘം 'ഈക്വൽ എർത്ത് പ്രൊജക്ഷൻ' എന്ന പേരിൽ വിസ്തൃതി കൃത്യമായി കാണിക്കുന്ന ഭൂപടം തയ്യാറാക്കി. ഫെബ്രുവരിയിൽ, ആഫ്രിക്കൻ യൂണിയനിലെ 54 അംഗരാജ്യങ്ങൾ ഇത് അംഗീകരിക്കുകയും, ഇത് ആഫ്രിക്ക ഉൾപ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളുടെയും യഥാർഥ വലിപ്പം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു.

"അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാൻ, മെക്സിക്കോ, കൂടാതെ യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഒന്നിച്ചു ചേർത്താലും ആഫ്രിക്കയിൽ ബാക്കി സ്ഥലം ഉണ്ടാകും'' #CorrectTheMap എന്നത് ഓൺലൈൻ പ്രചാരണ സംഘം ചൂണ്ടിക്കാണിക്കുന്നത്. ഒരു നീതിയുക്തമായ ലോകം ആരംഭിക്കുന്നത് ഒരു നീതിയുക്തമായ ഭൂപടത്തിൽ നിന്നാണെന്ന് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന് മുന്നോടിയായി ടോഗോയുടെ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി റോയിട്ടേഴ്സിനോട് പറഞ്ഞു.മെർക്കേറ്റർ ഭൂപടം ഉപയോഗിക്കുന്നത് തന്‍റെ മന്ത്രാലയം അവസാനിപ്പിക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് വ്യക്തമാക്കി. "



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories