മുംബൈ: സിജെപി നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ പൊലീസ് തല്ലിച്ചതച്ചെന്നും കടുത്ത മർദനമേറ്റെന്നും നടി സയ്ൻ മേരി ഖാൻ. പ്രശസ്ത ബോളിവുഡ് സംവിധായകൻ മൻസൂർ ഖാന്റെ മകളും സൂപ്പർ താരം ആമിർ ഖാന്റെ അനന്തരവളുമാണ് സയ്ൻ. മുംബൈയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ തനിക്ക് നേരിട്ട പരിക്കുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടയിലാണ് മുംബൈ പോലീസ് സയ്ൻ മേരിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് നടപടിക്ക് പിന്നാലെ തന്റെ കൈകളിലും വിരലുകളിലും കാലുകളിലും പരിക്കേറ്റ പാടുകൾ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 'ഭയമെന്നത് തീർത്തും ഇല്ലാതാകുന്ന രീതിയിൽ ഞങ്ങളെ ഭയപ്പെടുത്തരുത്. അവൾ (ഭരണകൂടത്തെ) ഇന്റർനെറ്റിൽ തുറന്നുകാട്ടുന്നു' എന്ന അടിക്കുറിപ്പോടെയാണ് സയ്ൻ വീഡിയോ പങ്കുവെച്ചത്. കൈകൾ, വിരലുകൾ, കാലുകൾ എന്നിവിടങ്ങളിൽ അടിയേറ്റ് ശരീരം ചതഞ്ഞ് ചുവന്നും കരിനീലിച്ചും കിടക്കുന്നതായി വീഡിയോയിൽ കാണാം. ക്യാമറയിൽ നോക്കി പേടിപ്പിക്കാൻ നോക്കരുതെന്നും പേടിക്ക് ഇവിടെ സ്ഥാനമില്ലെന്നും സയ്ൻ പറയുന്നുണ്ട്. ഡെമോക്രസി ഫിറ്റ് ചെക്ക് എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനായിരുന്നുംമുംബൈ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു.