ഇലോണ്‍ മസ്‌കിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം നിര്‍ണ്ണയിക്കാന്‍ അവകാശമില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ചില വ്യവസായ പ്രമുഖര്‍ തടയുകയാണെന്ന ഇലോണ്‍ മസ്‌കിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നെറ്റ്വര്‍ക്കുകളെയും സ്പെക്ട്രത്തെയും വെറുമൊരു വാണിജ്യ സ്വത്തായി കാണാതെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളായി വേണം കാണാന്‍ എന്നും ഇന്ത്യയുടെ സുരക്ഷാ മുന്‍കരുതലുകളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തങ്ങളുടെ ആഭ്യന്തര നിര്‍മ്മാതാക്കളെ സംരക്ഷിക്കാന്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് അമേരിക്ക ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100% തീരുവ ചുമത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
165ലധികം രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്കിന് അനുമതിയുണ്ടെന്നും ഇന്ത്യയിലെ നിയമങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.എന്നിട്ടും അനുമതി വൈകുന്നതെന്തുകൊണ്ടാണെന്നും റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണോ ഇന്ത്യയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്നും മസ്‌ക് ചോദിച്ചിരുന്നു.