നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്ടോബർ 19 തിങ്കളാഴ്ച പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ട് പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. ഞായറാഴ്ച കൂടി ഉൾപ്പെടെ ഇതോടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബർ 18ന് വൈകുന്നേരമാണ് പൂജവെപ്പ് നടക്കുന്നത്. പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വെച്ചതിന് ശേഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഒക്ടോബർ 19ന് കൂടി അവധി അനുവദിക്കണമെന്ന് ഹൈന്ദവ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്.