യെമനില്‍ ഹൂതികളും സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. യെമനിലെ ഏദന്‍ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിന് നാശനഷ്ടങ്ങളും സംഭവിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് എയര്‍പോര്‍ട്ട് പരിസരത്ത് പതിച്ചത്. സൗദിയുടെ സൈനിക വിമാനം എയര്‍പോട്ടില്‍ എത്തിയതിന് പിന്നാലെയായിരുന്നു ആദ്യത്തെ ആക്രമണം. വിമാനത്താവളത്തിന് ഉള്ളിലെ സൗദി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തും ഇതിന് പിന്നാലെ ആക്രമണം നടത്തി. യെമനിലെ ഹൂതി നിയന്ത്രണ മേഖലകളില്‍ സൗദി സഖ്യ സേന ആക്രമണം ശക്തമായി തുടരുകയാണ്. വടക്കുപടിഞ്ഞാറാന്‍ ജാഫ് പ്രവിശ്യയില്‍ സൗദി സഖ്യസേന നടത്തിയ ആക്രമത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി മാധ്യമമായ അല്‍മസിറ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 15 പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റിലും പെട്രോള്‍ സ്‌റ്റേഷന് നേരെയുമാണ് ആക്രമണം ഉണ്ടായത്.