ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യ മുന്നണി ജനകീയ വിചാരണ നടത്തി പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍, പാര്‍ലമെന്റിന്റെ മാതൃകയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശബ്ദവോട്ടോടെയാണ് പ്രമേയം പാസ്സാക്കിയത്. ആറു കുറ്റങ്ങളാണ് ഇന്ത്യ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ ചുമത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.പൊതു കുറ്റവിചാരണ രാജ്യത്തെ അസാധാരണ സംഭവമാണ്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കിലല്. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്കി. ഇന്ത്യ മുന്നണിയുടെ പ്രത്യേക പാര്‍ലമെന്റില്‍ മുന്‍ ലോക്സഭ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, കപില്‍ സിബല്‍ തുടങ്ങിയവരും സിവില്‍ സൊസൈറ്റി പ്രതിനിധികളും വോട്ടര്‍പ്പട്ടികയില്‍നിന്ന് പേരൊഴിവാക്കപ്പെട്ട പൗരന്മാരും ചടങ്ങില്‍ പങ്കെടുത്തു.
വോട്ടവകാശം ഇന്ന് രാജ്യത്ത് ഗുരുതരമായ ഭീഷണിയിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനാണ് ഇംപീച്ച്മെന്റ് നടപടിയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും നേരിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രവർത്തിപ്പിക്കുന്നത്.ഗ്യാനേഷ് കുമാറിനെതിരെ ആറു കുറ്റകൃത്യങ്ങളാണ് പ്രമേയത്തിൽ ആരോപിക്കുന്നത് :
തെരഞ്ഞെടുപ്പു കൊള്ളയടിക്കാൻ ഗൂഢാലോചന നടത്തി.
1. 13.2 കോടി വോട്ടർമാരുടെ വോട്ട് വെട്ടിമാറ്റി. ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്.
2. പാർലമെന്റിന്റെ അനുമതിയില്ലാതെ ഫോം 6ൽ മാറ്റം വരുത്തി
3. ഇസിഐനെറ്റ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടർപ്പട്ടിക കൈവശപ്പെടുത്തി. കമ്മിഷനിൽ ഇരുന്ന് ആളുകളെ വോട്ട് ചേർക്കുന്നതിനും യഥാർഥ വോട്ടർമാരെ തടയാനും ശ്രമിച്ചു.
4. കമ്മിഷനിൽ മൂന്നു കമ്മിഷണർമാർക്കും തുല്യ അവകാശമാണ്. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ മറ്റ് രണ്ടു കമ്മിഷണർമാരുടെയും വായടപ്പിച്ചു.
5. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇംഗിതത്തിനു വഴങ്ങി പ്രവർത്തിച്ചു.
6. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വാസം ലംഘിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചു. ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായി.
അതേ സമയം വിദേശ രാജ്യങ്ങളിൽ പ്രതിപക്ഷം നടത്തുന്ന രഹസ്യമായ കൂടിക്കാഴ്ചകൾ രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കാനും സംഘർഷങ്ങൾ സൃഷ്ടിക്കാനും നിരന്തരം ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ ഏകതാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനകൾ ചില ശക്തികൾ തുടർച്ചയായി നടത്തുകയാണ്. ഭാരതത്തിന്റെ മക്കൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന നിരാശയും രാഷ്ട്രീയ തിരിച്ചടികളും കാരണം ചിലർ ഇപ്പോൾ പരസ്യമായി ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വിദേശത്ത് ആരൊക്കെയാണ് രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത്? ഇന്ത്യാവിരുദ്ധ ശക്തികൾ ആരെയാണ് പിന്തുണയ്ക്കുന്നത്? ഇന്ത്യയുടെ ശത്രുക്കളുടെ ഭാഷ സംസാരിക്കുന്നത് ആരാണ്? ഇത്തരം നീക്കങ്ങളെ തിരിച്ചറിയുകയും ഒറ്റക്കെട്ടായി നേരിടുകയും വേണമെന്നും മോദി പറഞ്ഞു.പ്രതിപക്ഷത്തിനെതിരെയും പ്രധാനമന്ത്രി രൂക്ഷവിമർശനമുന്നയിച്ചു. തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ പ്രതിപക്ഷം എല്ലാ കാര്യങ്ങൾക്കും തടസം സൃഷ്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തടസപ്പെടുത്തൽ രാഷ്ട്രീയത്തിന്റെ പ്രധാന ഘടകമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് മോദി വിമർശിച്ചു. ഭരണഘടനയുടെ അന്തസും അതിരുകളും തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹികമാദ്ധ്യമങ്ങളെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുമുള്ള ആയുധമാക്കി മാറ്റുകയാണെന്നും മോദി പറഞ്ഞു.