ന്യൂഡൽഹി: കോളർ ഐഡി നിർബന്ധമാക്കി കേന്ദ്രസർക്കാർ. നവംബർ ഒന്ന് മുതൽ കോളിംഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) അവതരിപ്പിക്കണമെന്ന് ടെലികോം സർവീസ് പ്രൊവൈഡർമാർക്ക് (ടിഎസ്പി) ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിർദേശം നൽകി.
ഇന്ത്യയുടെ അംഗീകൃത കോളർ ഐഡന്റിഫിക്കേഷൻ സംവിധാനമാണ് സിഎൻഎപി. ഫോണിൽ കോൾ വരുമ്പോൾ തന്നെ വ്യക്തിയുടെ പേരും ഫോൺ നമ്പറും തെളിഞ്ഞുവരുന്ന സംവിധാനമാണിത്.4ജി, 5ജി നെറ്റ്ർവർക്ക് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും സിഎൻഎപി സംവിധാനം ഡിഫോൾട്ടായി ലഭ്യമാകും. 2ജി, 3ജി നെറ്റ്വർക്കുകളിലും പൊതു ടെലിഫോൺ നെറ്റ്വർക്കുകളിലും ഈ സൗകര്യം നടപ്പിലാക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ഒരു കോൾ വരുമ്പോൾ സ്ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പർ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് കോൾ സ്വീകരിക്കുന്നയാളുടെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിട്ടുള്ള പേര് തെളിയും. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ ആഭ്യന്തര കോൾ ആണെങ്കിൽ ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുള്ള പേര് കാണിക്കും. അന്താരാഷ്ട്ര കോൾ ആണെങ്കിൽ സ്ക്രീനിൽ 'ഇന്റർനാഷണൽ കോൾ' എന്ന് തെളിയും.ഓരോ ടെലികോം സേവന ദാതാവും സബ്സ്ക്രൈബർമാരുടെ പേരുകളും അവരുടെ നമ്പറുകളും ബന്ധിപ്പിക്കുന്ന ഒരു ഡാറ്റാബേസ് സജ്ജീകരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
കോൾ ലഭിക്കുന്ന ഓപ്പറേറ്റർ ഈ ഡാറ്റാബേസിൽ നിന്ന് പേര് കണ്ടെത്തി അത് കോൾ സ്വീകരിക്കുന്ന ഉപയോക്താവിന്റെ ഫോണിലേയ്ക്ക് എത്തിക്കണം.ഓപ്പറേറ്റർമാർ 'സെക്യൂരിറ്റി-ബൈ-ഡിസൈൻ' എന്ന സമീപനം പിന്തുടരണമെന്നാണ് നിർദേശം. ഇതനുസരിച്ച് ഒരു ഇൻകമിംഗ് കോൾ അവസാനിച്ചുകഴിഞ്ഞാൽ, ക്വറി-റെസ്പോൺസ് സംവിധാനത്തിലൂടെ വിളിക്കുന്നയാളുടെ പേര് നിലനിർത്താൻ പാടില്ല. അതേസമയം, 'കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ' സൗകര്യം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പേരുകൾ ഫോണിൽ തെളിയില്ല.