പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില് പള്ളിക്കല് ഡിവിഷനില് നിന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ് സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മുന് ജില്ലാ പഞ്ചായത്ത് അംഗവും സിപിഐ നേതാവുമായ മുരുകേഷ് സമര്പ്പിച്ച ഹര്ജി വിചാരണയ്ക്ക് എടുക്കാതെ കോടതി തള്ളി. അഡീഷണല് ജില്ലാ കോടതി-നാല് ജഡ്ജി ഡോണി തോമസ് വര്ഗീസാണ് വിധി പ്രസ്താവിച്ചത്.
ശ്രീനാദേവിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള് ഒരു തെരഞ്ഞെടുപ്പ് ഹര്ജിയിലൂടെ ചോദ്യം ചെയ്യാവുന്നതല്ല എന്ന മുതിര്ന്ന അഭിഭാഷകന് അഡ്വ. വി ആര് സോജിയുടെ വാദം അംഗീകരിച്ചാണ് കോടതിവിധി. ഹര്ജിയിലെ സാങ്കേതിക പിഴവുകളും ശ്രീനാദേവിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പള്ളിക്കല് ജനശക്തി വാര്ഡിലെ കൊല്ലശ്ശേരില് വീട്ടില് സാധാരണ താമസക്കാരിയല്ല എന്ന വാദമാണ് ഹര്ജിക്കാരന് ഉന്നയിച്ചത്.
എന്നാല് സാധാരണ വാസസ്ഥലം തെരഞ്ഞെടുപ്പ് തര്ക്കമല്ലെന്നായിരുന്നു ശ്രീനാദേവിയുടെ അഭിഭാഷകന്റെ വാദം. വോട്ടര്പട്ടിക പ്രസിദ്ധീകരിച്ചപ്പോള് ഹര്ജിക്കാരന്റെ പാര്ട്ടിയായ സിപിഐ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്, ഇലക്ടറല് രജിസ്ട്രേഷന് ഓഫീസര് ശ്രീനാദേവിയുടെ വോട്ടര്പട്ടികയിലെ അംഗത്വം ശരി വയ്ക്കുകയാണ് ചെയ്തത്. അതിനെതിരെ നല്കിയ അപ്പീല് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര് തള്ളി. ചട്ടപ്രകാരം എല്ലാം ജോയിന്റ് രജിസ്ട്രാറുടെ വോട്ടര് പട്ടിക സംബന്ധിച്ച് തീരുമാനം അന്തിമമാണെന്നും അഭിഭാഷകന് ബോധിപ്പിച്ചു.
സിപിഐ വിട്ട് കോണ്ഗ്രസില് എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.