മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിന്റെ കൊലപാതക കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാനിൽ ശുക്ലയ്ക്കും വധശിക്ഷ. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്. കോൺക്രീറ്റ് നിറച്ച നീല പ്ലാസ്റ്റിക് ഡ്രം ആണ് കൊലപാതകത്തിൽ നിർണായക തെളിവായത്. സൗരഭ് രാജ്പുതിനെ കൊലപ്പെടുത്താൻ മുസ്കാനും സാനിലും ഗൂഢാലോചന നടത്തിയെന്നും വെട്ടിനുറുക്കിയ ശരീരം കോൺക്രീറ്റും മണലും ഉപയോഗിച്ച് നീല നിറത്തിലുള്ള ഡ്രമ്മിൽ ഒളിപ്പിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഭീതി പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.മീററ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2025 മാർച്ച് മൂന്നിനാണ് സൗരഭ് രാജ്പുത് ഇന്ദ്രാനഗറിലെ വീട്ടിൽ കൊല്ലപ്പെടുന്നത്. ഭാര്യ മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി ബോധരഹിതനാക്കി. പിന്നീട് വീട്ടിലെത്തിയ കാമുകൻ സാനിലും മുസ്കാനും ചേർന്ന് രാജ്പുതിനെ കുത്തിക്കൊലപ്പെടുത്തി. കുളിമുറിയിൽ വച്ച് മൃതദേഹം വെട്ടിനുറുക്കി. ശരീരഭാഗങ്ങൾ ഒരു വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചു. പിന്നീട് കോൺക്രീറ്റ് നിറച്ച് അടച്ചു.കൊലപാതകത്തിന്റെ അടുത്ത ദിവസം പ്രതികൾ ഹിമാചൽ പ്രദേശിലേക്ക് കടന്നു. സൗരഭ് യാത്രയിലാണെന്നു കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കാൻ സൗരഭിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് മുസ്കാൻ സന്ദേശങ്ങൾ അയച്ചിരുന്നത്. സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും 2025 മാർച്ച് 17ന് വീട്ടിലെത്തി പരിശോധന നടത്തി. സൗരഭിന്റെയും മുസ്കാന്റെയും ആറുവയസ്സുള്ള മകൾ, ‘പപ്പ ഡ്രമ്മിലുണ്ട്’ എന്ന് അയൽക്കാരോട് പറഞ്ഞിരുന്നു.പൊലീസ് നീല ഡ്രം വെട്ടിപ്പൊളിച്ചപ്പോൾ രാജ്പുതിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ട് ദിവസത്തിനകം മുസ്കാനും സാനിലും പൊലീസ് പിടിയിലായി. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. മുസ്കാനും സാനിലും ചേർന്ന് നീല പ്ലാസ്റ്റിക് ഡ്രം, സിമന്റ് ചാക്കുകൾ, മണൽ, കത്തികൾ എന്നിവ വാങ്ങിയതായി കടയുടമകൾ കോടതിയിൽ മൊഴി നൽകി. കൊലപാതകം നടന്ന സമയം സാനിൽ ആ വീട്ടിലുണ്ടായിരുന്നു എന്ന് മൊബൈൽ രേഖകളിലൂടെ വ്യക്തമായി. ഹിമാചലിലെ ഹോട്ടലുകളിൽ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.