ന്യൂഡൽഹി: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം റാഞ്ചാൻ ശ്രമമെന്ന അപായ സൂചനയെ തുടർന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. എഐ–2030 (AI-2030) വിമാനമാണ് ബുധനാഴ്ച രാവിലെ 9.35-ഓടെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിശദമായ അന്വേഷണം ആരംഭിച്ചു.
വിമാനത്തിൽ നടത്തിയ പ്രാഥമിക സുരക്ഷാ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പ്രവർത്തനങ്ങളെല്ലാം സാധാരണ നിലയിലാണെന്ന് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു. തുടർന്ന് എല്ലാ പരിശോധനകളും പൂർത്തിയാക്കി യാത്രക്കാരെ വിമാനത്തിൽ വീണ്ടും കയറ്റി. വിമാനം വൈകാതെ ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിലേക്ക് വിമാനത്തിൽ നിന്ന് ഏതാനും സെക്കൻഡുകൾ അടിയന്തര സിഗ്നൽ ലഭിക്കുകയായിരുന്നു. വിമാനം റാഞ്ചപ്പെടുകയോ നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ പൈലറ്റുമാർ രഹസ്യമായി എടിസിയിലേക്ക് നൽകുന്ന 'സ്ക്വാക്ക് 7500' എന്ന ട്രാൻസ്പോണ്ടർ കോഡാണ് പൈലറ്റ് നൽകിയത്. ഇതോടെ സുരക്ഷാ ഏജൻസികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തുടർന്ന് 9.10-ഓടെ ഡൽഹി വിമാനത്താവളത്തിലെ വാർ റൂം മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. പരിശോധനകൾക്കായി 9.45-നാണ് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയത്.വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജയ്പൂർ വിമാനത്താവളം കൈകാര്യം ചെയ്യുന്ന അദാനി എയർപോർട്ട് മാനേജ്മെന്റ് അറിയിച്ചു.