പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സുരക്ഷയ്ക്കുള്ള അകമ്പടി വാഹനത്തില് സസ്പെന്ഷനിലായ മുന് ഗണ്മാന് അനില്കുമാര് യാത്ര ചെയ്തതില് വിശദീകരണവുമായി ഡ്രൈവര്. വാഹനം അനില് സ്വന്തം ആവശ്യത്തിന് കൊണ്ടുപോയതല്ലെന്നും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയപ്പോള് ലിഫ്റ്റ് നല്കുകയായിരുന്നുവെന്നാണ് ഡ്രൈവറായ സിനോജിന്റെ വിശദീകരണം. ഞായറാഴ്ച എറണാകുളത്ത് പിണറായി വിജയന് പരിപാടി ഉണ്ടായിരുന്നു. പിണറായി ട്രെയിനില് വന്നോളം എന്നറിയിച്ചതിനാല് കാറുമായി നേരത്തെ എറണാകുളത്തേക്ക് പോയി. എന്നാല് പരിപാടി റദ്ദാക്കിയതിനാല് പിണറായി വന്നില്ല. തുടര്ന്ന് തിരികെ വരുമ്പോള് അനില്കുമാറിനെയും കാറില് കയറ്റുകയായിരുന്നുവെന്നുമാണ് വിശദീകരണം. കഴിഞ്ഞ ദിവസമാണ് അനില്കുമാറും സസ്പെന്ഷനിലുള്ള മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥാനായ സന്ദീപും അകമ്പടി വാഹനത്തില് കൊല്ലം പത്തനാപുരം, ഏനാത്ത് ഭാഗങ്ങളില് കറങ്ങിയതായി ഇന്റിലിജന്സ് കണ്ടെത്തിയത്. പത്തനാപുരത്ത് കരിക്കിന് ജ്യൂസ് കുടിക്കാന് വാഹനം നിര്ത്തിയപ്പോഴാണ് നാട്ടുകാര് ഇത് ശ്രദ്ധിക്കുകയും പൊലീസില് വിവരം അറിയിക്കുകയും ചെയ്തത്.