തിരുവനന്തപുരം: നാല് മണിക്കൂറിലധികം നീണ്ട വിശദമായ ചർച്ചകൾക്കും ഭേദഗതികൾക്കും ഒടുവിൽ വയോജന ബില്ല് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന ചരിത്രപ്രധാനമായ ബില്ല് അങ്ങനെ സഭാംഗീകാരം നേടി. വയോജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു ബില്ല് പാസാക്കുന്നത്. നിലവിലെ സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. ചർച്ചയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ സജീവമായി പങ്കെടുത്തു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുൾപ്പെടെ ഉയർന്നുവന്ന നിർദേശങ്ങളും ബില്ലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സഭയിൽ ഉയർന്നുവന്ന രണ്ടായിരത്തോളം നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച്, അതിൽ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബില്ല് അന്തിമമായി രൂപപ്പെടുത്തിയത്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.ഓരോ പ്രായമായ വ്യക്തിയും നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യത്യസ്തമായിരിക്കുമെന്നതിനാൽ, അത്തരം പ്രായോഗിക തടസ്സങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ബില്ലിലെ വ്യവസ്ഥകൾ സഹായിക്കും. മുതിർന്ന പൗരന്മാരുടെ ചികിത്സ, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങൾക്കാണ് ബില്ലിൽ മുൻഗണന നൽകിയിരിക്കുന്നത്.
വയോജനങ്ങൾ യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ഏറ്റവും സുരക്ഷിതമായി കഴിയുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.