ഭോപ്പാൽ: വീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്ക ചവച്ചുതുപ്പുന്നതിനിടെ 11 കെവി ഹൈ-ടെൻഷൻ വൈദ്യുതി ലൈനിൽ വീണ് ഉമിനീരിലൂടെ ഷോക്കേറ്റ് 65-കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ വിദിശ ജില്ലയിലുള്ള ഗഞ്ച്ബസോദയിലെ ഗായത്രി നഗറിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ഛത്തർപൂർ സ്വദേശിയും കൽപ്പണിക്കാരനുമായ പ്രഭുലാൽ ഗുപ്തയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.കഴിഞ്ഞ പത്ത് വർഷമായി ഗായത്രി നഗറിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഗുപ്ത, മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്ക ചവച്ചു പുറത്തേക്ക് തുപ്പിയപ്പോൾ ഉമിനീർ തൊട്ടടുത്തുകൂടി പോയിരുന്ന 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയും ഉടനടി ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ച് ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉമിനീരിൽ ജലാംശവും ലവണങ്ങളും അടങ്ങിയിരിക്കുന്നതിനാൽ അതൊരു വൈദ്യുത ചാലകമായി പ്രവർത്തിക്കുമെന്ന് ഇലക്ട്രിക്കൽ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. തുടർച്ചയായ ദ്രാവക പ്രവാഹം വൈദ്യുതി കമ്പിയിൽ തട്ടുമ്പോഴോ, അല്ലെങ്കിൽ ബാൽക്കണിയോട് ചേർന്ന് നിൽക്കുന്ന 11 കെവി ലൈനിൽ നിന്ന് വായുവിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുമ്പോഴോ മനുഷ്യശരീരത്തിലൂടെ എളുപ്പത്തിൽ വൈദ്യുതി കടന്നുപോകാനും തൽക്ഷണം മരണമോ ഗുരുതരമായ പൊള്ളലോ സംഭവിക്കാനും കാരണമാകും.
അതേസമയം, അപകടത്തിന് പിന്നാലെ വൈദ്യുതി വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകൾക്ക് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ കടന്നുപോകുന്ന 11 കെവി ലൈനുകൾ മാറ്റണമെന്നും പ്രദേശത്തെ ജീർണ്ണിച്ച വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും നവീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പലതവണ ഉദ്യോഗസ്ഥരെ നേരിൽക്കണ്ടിരുന്നുവെന്നും, ഉടൻ മാറ്റാമെന്ന് ഉറപ്പുനൽകിയതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് ജീവൻ പൊലിയാൻ കാരണമായതെന്നും വീട്ടുടമയായ പത്മ ചിധാർ കുറ്റപ്പെടുത്തി.