വെസ്റ്റ് ബാങ്കിൽ വൻ സൈനിക നടപടിയുമായി ഇസ്രയേൽ. ആയിരക്കണക്കിന് പലസ്തീനികളെ കുടിയൊഴിപ്പിച്ചു. ഇസ്രയേലിൽ ചൊവ്വാഴ്ച പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇസ്രയേലിന്റെ സൈനികനടപടി. വെള്ളിയാഴ്ച ഹെബ്രോണിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ഇസ്രയേൽ സൈന്യം മേഖലയിൽ പരിശോധനയും നിയന്ത്രണങ്ങളും കടുപ്പിച്ചത്. നഗരത്തിലേക്കുള്ള മുഴുവൻ പാതകളും ഇസ്രയേൽ സൈന്യം അടച്ചുപൂട്ടി. ദേർ ബഹ, അൽ-ജൽദ എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് നടപടി. ദേർ ബഹയിലെ 500ൽ അധികം ഫ്‌ലാറ്റുകൾ ഇസ്രയേൽ സൈന്യം ഒഴിപ്പിച്ചു. 300 കുട്ടികളടക്കം 2200ലധികം പലസ്തീൻകാരാണ് പ്രദേശത്ത് തെരുവിലിറങ്ങേണ്ടിവന്നത്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.