ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണെന്ന് ഡിവിഷന്‍ ബഞ്ച്. ജഡ്ജിമാരുടെ എണ്ണം കൂടിയ ബെഞ്ചുകള്‍ക്ക് മറ്റൊരു ബെഞ്ചിനു മേല്‍ മേല്‍നോട്ട അധികാരം സ്ഥാപിക്കാനാകില്ലെന്നും ഹൈക്കോടതി. സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് എതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നീരിക്ഷണം.
രണ്ടംഗ ഡിവിഷന്‍ ബെഞ്ചിന്, സിംഗിള്‍ ബെഞ്ചിനോട് എങ്ങനെ കേസുകള്‍ വിലയിരുത്തണമെന്ന തരത്തില്‍ ഉപദേശമോ നിര്‍ദേശമോ നല്‍കാന്‍ അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹൈക്കോടതിയിലെ ജഡ്ജിമാര്‍ എല്ലാവരും തുല്യ പദവി വഹിക്കുന്നവരാണ്. ചീഫ് ജസ്റ്റിസ് എന്നത് 'തുല്യരില്‍ ഒന്നാമന്‍' എന്ന സ്ഥാനം വഹിക്കുന്നുവെന്ന് മാത്രം എന്നും ഹൈക്കോടതി വ്യക്തമാക്കി.