തിരുവനന്തപുരം: ഇത്തവണത്തെ വയലാർ അവാർഡ് നേടിയ ആർ രാജശ്രീ എഴുതിയ ആത്രേയകത്തിനെതിരെ ശിഖണ്ഡി എന്ന നോവലിന്റെ രചയിതാവായ ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി വിനയശ്രീ . 2019 ൽ വിനയശ്രീ എഴുതിയ ശിഖണ്ഡി എന്ന നോവലിലെ ഭാവന പലയിടത്തും ഉപയോഗിച്ചിരിക്കുകയാണ് ആത്രേയകത്തിലെന്നാണ് വിനയശ്രീ ഫെയ്സ് ബുക്ക് കുറിപ്പിൽ വെളിപ്പെടുത്തുന്നത്. ആത്രേയകം തന്റെ നോവലിന്റെ സാരാംശം ഉൾക്കൊണ്ടതാണെന്ന് വയലാർ ട്രസ്റ്റ് സെക്രട്ടറിയെ അറിയിച്ചതായി നോവലിസ്റ്റ് വിനയശ്രീ പറഞ്ഞു.മുഖ്യമന്ത്രി വി. ഡി. സതീശനെയും സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥിനെയും കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.തന്റെ 'ശിഖണ്ഡി' നോവൽ വായിച്ചിട്ടുള്ള ഒട്ടേറെ ആളുകൾ ആത്രേയകത്തിലെ ഈ അസാധാരണ സാദൃശ്യം ചൂണ്ടിക്കാണിച്ചിരുന്നതായും വിനയശ്രീ പറയുന്നു. തന്റെ പരാതി പരിശോധിച്ച ശേഷം മാത്രമേ അവാർഡ് നൽകാവൂ എന്നാണ് ആവശ്യം.
എന്നാല് വിനയശ്രീയുടെ ആരോപണം രാജശ്രീ നിഷേധിച്ചു. വിനയശ്രീ മുമ്പും ആരോപണം ഉന്നയിച്ചതാണെന്നും ഇതിനെതിരെ തലശ്ശേരി കോടതിയിൽ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. കൂടുതൽ പ്രതികരിക്കാനില്ലെന്നും രാജശ്രീ പ്രതികരിച്ചു.
മൂന്ന് നാടകങ്ങൾ, 15 നോവലുകൾ എന്നിവ എഴുതിയ എഴുത്തുകാരിയാണ് വിനയശ്രീ. ഇതിൽ ആറ് നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 മുതൽ മഹാഭാരതത്തെ ആസ്പദമാക്കി വിവിധ നോവലുകൾ വിനയശ്രീ എഴുതിയിട്ടുണ്ട്. പാഞ്ചാലിയുടെ ഏഴ് രാത്രികളാണ് ആദ്യ നോവൽ. 2017 ൽ കോട്ടയം അക്ഷരസ്ത്രീ നടത്തിയ നോവൽ മത്സരത്തിൽ ഇതിന് ഒന്നാം സ്ഥാനം ലഭിച്ചു. പിന്നീട് അവർ തന്നെ ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്തു. 2018 ൽ മഹാഭാരതത്തെ ആസ്പദമാക്കി വിനയശ്രീ 'ഹിഡുംബി' എന്ന നോവൽ എഴുതി. അതു പ്രസിദ്ധീകരിച്ചു. 2019ലാണ് 'ശിഖണ്ഡി' എഴുതുന്നത്. തിരുവനന്തപുരത്തുവെച്ച് പ്രചോദിത എന്ന ചടങ്ങിലാണ് ഈ നോവൽ പ്രകാശനം ചെയ്തത്. 'പാഞ്ചാലിയുടെ ഏഴ് രാത്രികളിൽ' പാഞ്ചാലിയുടെ വിവാഹത്തിന് തടസ്സം നിൽക്കുന്ന ഒരു ശിഖണ്ഡിയെക്കുറിച്ച് നോവലിസ്റ്റ് സൂചിപ്പിച്ചിരുന്നു. പുരുഷ സ്വഭാവമുള്ള സ്ത്രീ മറ്റ് അന്തഃപുര സ്ത്രീകളോട് കാമാസക്തിയോടെ ഇടപഴകുന്ന കാര്യം പാഞ്ചാലിയുടെ ചിന്താധാരയിലൂടെ വിനയശ്രീ അവതരിപ്പിച്ചിരുന്നു.
ഈ നോവൽ എഴുതുമ്പോൾ ശിഖണ്ഡിയെക്കുറിച്ച് ഒരു നോവൽ എഴുതണം ചിന്ത വളരേയേറെ ഉണ്ടായിരുന്നതുമൂലമാണ് 2019 ൽ താൻ 'ശിഖണ്ഡി' എഴുതി പ്രസിദ്ധീകരിച്ചതെന്ന് വിനയശ്രീ പറയുന്നു. ഭീഷ്മാചാര്യരെ വധിക്കാനായി ഉഗ്രശപഥത്തോടെ ജൻമമെടുത്ത അംബയുടെ പുനർജന്മമായ സ്ത്രീയായിട്ടാണ് നോവലിൽ ശിഖണ്ഡിയെ ചിത്രീകരിച്ചിരിക്കുന്നത്. ദ്രുപദ മഹാരാജാവിന്റെ പുത്രിയായിട്ടാണ് ശിഖണ്ഡി ജനിക്കുന്നത്. എന്നാൽ, പുത്രിയെ പുത്രനാണെന്ന് വരുത്തി തീർക്കുവാൻ ഉള്ള ശ്രമത്തിലായിരുന്നു രാജാവ്. അതിനായി പെൺകുട്ടിയെ പുരുഷവേഷം ധരിച്ച് വളർത്തി. പുരുഷനാവാൻ രാജവൈദ്യനിൽ നിന്ന് ശിഖണ്ഡി മരുന്ന് സേവിച്ചു. തൻമൂലം ആ സ്ത്രീരൂപത്തിന് പുരുഷന്റെ സ്വഭാവം ഉടലെടുക്കുന്നതായിട്ടാണ് വിനയശ്രീ നോവലിൽ പറയുന്നത്. പുരുഷന്റെ സ്വഭാവവും സ്ത്രീയുടെ അവയവങ്ങളും വന്നുചേർന്ന ശിഖണ്ഡിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന ചിന്ത വരുന്നുണ്ട്. കൂടാതെ ഒരു പുരുഷനെ വിവാഹം ചെയ്താൽ തന്റെ സ്വത്വം തിരിച്ചറിയും എന്ന ചിന്തകൊണ്ടും രാജകുമാരി എന്ന് തന്നെ ആളുകൾ അവഹേളിക്കുമല്ലോ എന്നതുകൊണ്ടും അന്തഃപുര ദാസിമാരിൽ ഒരാളായ മൈഥിലിയെ ശിഖണ്ഡി ലൈംഗികാവശ്യത്തിനായി സ്വീകരിക്കുകയും അവർ തമ്മിൽ പ്രണയത്തിലാകുകയും ചെയ്യുന്നതാണ് വിനയശ്രീയുടെ നോവലിന്റെ ഉള്ളടക്കം.
'ശിഖണ്ഡി' എന്ന് പറയുന്ന നോവലിൽ ലെസ്ബിയൻ പ്രണയവും അതേപോലെ തന്നെ മുറിവുപറ്റിയവർക്ക് ചികിത്സിക്കുന്ന ഒരു ചികിത്സാ ശിബിരവും പറയുന്നുണ്ട്. ദ്രൗപദിയും ധൃഷ്ടദ്യുമ്നനും യഥാർത്ഥ മനുഷ്യയോനിയിൽ ജനിച്ചതാണെന്നും 'പാഞ്ചാലിയുടെ ഏഴ് രാത്രി'യിലും 'ശിഖണ്ഡി'യിലും പറയുന്നുണ്ട്. ശിഖണ്ഡിയുടെ ജനനസത്യത്തിൽ അപ്രകാരം ഒരു ചിന്താധാര കൊണ്ടുവന്നത് തന്റെ നോവലിലൂടെ ആണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വിനയശ്രീ പറയുന്നു. 2019 ൽ പ്രസിദ്ധീകരിച്ച 'ശിഖണ്ഡി' എന്ന നോവലിൽ തന്റെ ഭാവനയിൽ ഉടലെടുത്ത ഒന്നായിരുന്നു ശിഖണ്ഡിക്ക് ലെസ്ബിയൻ പ്രണയം ഉണ്ടായിരുന്നുവെന്നതും അതുപോലെ മരുന്ന് സേവിച്ച് പുരുഷഭാവം കൈക്കൊണ്ടതെന്നതും.ഇക്കാര്യമൊന്നും മഹാഭാരതത്തിൽ പറയുന്നില്ല. എന്നാൽ, 'ആത്രേയക'ത്തിൽ മഹാഭാരതത്തിൽ ഇല്ലാത്ത, 'ശിഖണ്ഡി'യിൽ വിനയശ്രീ അവതരിപ്പിച്ച ഭാവനകളെയും ആശയങ്ങളെയും കാണാൻ കഴിയുന്നുണ്ടെന്നാണ് ആരോപണം. 'ശിഖണ്ഡി'യിൽ നിന്ന് കടം കൊണ്ട കഥാസാരമാണ് ആത്രേയകത്തിൽ ഉള്ളതെന്നാണ് വിനയശ്രീയുടെ ആരോപണം.
ശിഖണ്ഡി എന്ന് പറയുന്ന കഥാപാത്രത്തിന് മറ്റൊരു പേരാണ് (നിരമിത്രൻ) ആത്രേയകത്തിൽ നൽകിയിരിക്കുന്നതെന്നും സന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ച് വിനയശ്രീ പറയുന്നു. മുറിവുപറ്റിയ യോദ്ധാക്കൾക്ക് ചികിത്സാലയം എന്നുള്ളത് ശിഖണ്ഡിയിലുള്ള കാഴ്ച്ചപ്പാടാണ്. അതിനെ രാജശ്രീ ആത്രേയകം എന്ന പേരിട്ട് നൽകുകയാണ് ചെയ്തതെന്ന് വിനയശ്രീ ചൂണ്ടിക്കാട്ടുന്നു. ശിഖണ്ഡി എന്ന പേര് ആത്രേയകത്തിൽ വരാതിരിക്കാൻ രാജശ്രീ ശ്രമിച്ചിട്ടുണ്ട്. താൻ കണ്ടെടുത്ത ശിഖണ്ഡിയുടെ മൂല്യങ്ങളാണ് ആത്രേയകത്തിലുള്ളത്.
എത്രയോ രാത്രികളിൽ താൻ ഉറക്കംനിന്ന് എഴുതിയതാണ് 'ശിഖണ്ഡി'യെന്ന് വിനയശ്രീ പറയുന്നു. ഒട്ടേറെത്തവണ മഹാഭാരതം വായിച്ചിട്ടാണ് നോവലുകൾ എഴുതിയത്. അതെല്ലാം ഒരുനിമിഷം കൊണ്ട് തന്റേതാണെന്ന് അവകാശപ്പെടുന്നതും ആളുകൾ 'ആത്രേയക'ത്തിന് അവാർഡുകൾ നൽകുമ്പോഴും പ്രതികരിക്കാതിരിക്കാൻ ആവാത്തതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് വിനയശ്രീ പറയുന്നു. കഥാസാരം മാത്രമല്ല, 'ശിഖണ്ഡി'യിലെ ഒട്ടേറെ സന്ദർഭങ്ങളും ആത്രേയകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ദ്രുപദ മഹാരാജാവ് മകന്റെ മുന്നിൽവെച്ച് ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ആത്രേയകത്തിലെ സന്ദർഭം 'ശിഖണ്ഡി'യിലും ഉണ്ട്. ദ്രുപദ മഹാരാജാവിന് പകരം വിചിത്രവീര്യനാണ് അത് ചെയുന്നതെന്ന് മാത്രം. ശിഖണ്ഡിയും മൈഥിലിയും തമ്മിലുള്ള സംഭാഷണങ്ങൾ, അവരുടെ പ്രണയം, ഭിന്നലിംഗക്കാരുമായുള്ള ശിഖണ്ഡിയുടെ ഇടപെടലുകൾ തുടങ്ങിയവയൊക്കെ തന്റെ നോവലിൽ ഉൾപ്പെടുത്തിയത് കഥാപാത്രങ്ങളെ മറ്റുപേരുകളിലാക്കി ആത്രേയകത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും നോവലിസ്റ്റ് വിനയശ്രീ പറയുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ പ്രമുഖർ ആത്രേയകം വായിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടുമുണ്ട്. ഒട്ടേറെ പതിപ്പുകളും ഇറങ്ങി ആത്രേയകത്തിന്. ആർ രാജശ്രീക്ക് അവാർഡ് സമ്മാനിക്കുന്നത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. അതിനിടയിലാണ് ആത്രേയകത്തിലെ കഥാസന്ദർഭങ്ങൾക്ക് മറ്റൊരു നോവലിനോട് സാമ്യമുണ്ടെന്ന ആരോപണം ഉയരുന്നത്.