മണാലി: സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിൽ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ആകാശക്കാഴ്ചകൾ ചിത്രങ്ങളാക്കി ഡ്രീം 4 ടീം. കുളു മണാലിയിൽ എട്ട് മിനിറ്റ് നീണ്ട ആകാശയാത്രയ്ക്കിടെ നാല് കലാകാരന്മാരും എ3 വലുപ്പത്തിലുള്ള പേപ്പറിൽ സോഫ്റ്റ് പേസ്റ്റൽ ഉപയോഗിച്ച് ഓരോ ചിത്രം വീതം വരച്ചു. അതീവ സുരക്ഷയ്ക്കായി സേഫ്റ്റി ബെൽറ്റ് ധരിച്ച്, ഒരു കൈയിൽ ചിത്രരചനയ്ക്കുള്ള ബോർഡും മറുകൈയിൽ പേസ്റ്റലും ഉപയോഗിച്ച് പറക്കുന്നതിനിടെ എട്ട് മിനിറ്റിനുള്ളിൽ ചിത്രം വരയ്ക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു.ശക്തമായ കാറ്റും തണുപ്പും നേരിട്ടുകൊണ്ടായിരുന്നു ഈ സാഹസിക ചിത്രരചന. ലോകത്ത് തന്നെ ഇത്തരമൊരു ചിത്രരചന ആദ്യമായാണെന്ന് പാരാഗ്ലൈഡിങ് മേഖലയിലുള്ളവരും ഇത് കണ്ടുനിന്ന നാട്ടുകാരും അഭിപ്രായപ്പെട്ടു.
വിവിധ മാധ്യമങ്ങളിലൂടെ വിവിധ സ്ഥലങ്ങളിൽ ചിത്രങ്ങൾ വരച്ചുകൊണ്ടുള്ള ഡ്രീം 4 യാത്രയിൽ ഈ നേട്ടം പൊൻതൂവലാണെന്ന് കലാകാരന്മാർ പറഞ്ഞു. ജീവിതത്തിൽ അപൂർവമായി മാത്രം ലഭിക്കുന്ന അനുഭവങ്ങളിലൊന്നാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ഡാവിഞ്ചി സുരേഷ്, വിപിൻ ഇരിട്ടി, താടിക്കാരൻ രതീഷ്, ഷൈജു കെ. മാളൂർ എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. ഹൈനസ് വയനാട് ടീം ലീഡറായും സിംബാദ് ക്യാമറാമാനായും സംഘത്തിലുണ്ട്. മണാലിയിൽ ചിത്രരചനയ്ക്ക് ഹോളിബാബ നിഷാൽ പിന്തുണ നൽകി.
വയനാട് വാർഡ് 80-ൽ നിന്ന് യാത്ര തിരിച്ച ഡ്രീം 4 ടീമിന്റെ യാത്രയിൽ ട്രെയിനിലെ ചിത്രരചനയും താജ്മഹൽ, ഇന്ത്യാ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണവും ഡൽഹിയിലെ കുട്ടികളുടെ ക്യാമ്പും ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ഹഡിംബ ക്ഷേത്രത്തിന്റെ സാംസ്കാരിക പശ്ചാത്തലവും സംഘം ചിത്രങ്ങളിലൂടെ പകർത്തി. രണ്ടര കിലോമീറ്റർ ട്രെക്കിങ് നടത്തി 9000 അടി ഉയരത്തിലെത്തിയാണ് ലയൺ റോക്കിൽ ചിത്രരചന നടത്തിയത്. റോത്തങ് പാസിലെ മഞ്ഞുമലകളിലിരുന്ന് അവിടുത്തെ കാഴ്ചകൾ കാൻവാസിലാക്കിയ ശേഷമാണ് യാത്രയുടെ ഒമ്പതാം ദിവസം മണാലിയിൽ പാരാഗ്ലൈഡിങ്ങിനിടയിലെ ചിത്രരചന നടത്തിയത്.