തമിഴ്നാട് തേനി ആണ്ടിപെട്ടിയിലെ ജില്ലാ ജയിലില്‍ നിന്ന് 17 പേര്‍ ജയില്‍ ചാടിയ സംഭവത്തില്‍ നാലുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. ഇതുവരെ 13 പേരെയാണ് പിടികൂടിയത്. ഇതിൽ 5 പേരെ ആണ്ടിപ്പട്ടി കോടതി റിമാൻഡ് ചെയ്തു. 8 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 4 പേരെ ഇതുവരെ പിടികൂടാനായില്ല. കെ. മീനാക്ഷി സുന്ദരം, കെ. തിരുപ്പതി, പി. പൊൻമുത്തു സെൽവൻ, ആർ. റെജിൻ എന്നീ നാല് പ്രതികളെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രതികള്‍ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജയില്‍ ജീവനക്കാരെ ആക്രമിച്ചാണ് 17 തടവുകാര്‍ ജയില്‍ ചാടിയത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാത്രി തടവുകാര്‍ നടത്തിയ 'അപസ്മാര നാടകമാണ്' ജയില്‍ചാട്ടത്തിന് വഴിയൊരുക്കിയത്. ഒരേ സെല്ലില്‍ കഴിയുകയായിരുന്ന തടവുകാരില്‍ ഒരാള്‍ക്ക് കഠിനമായ അസുഖമാണെന്ന് തടവുകാര്‍ നിലവിളിച്ചതോടെയാണ് അധികൃതരെത്തിയത്. വൈദ്യസഹായം നല്‍കാനായി ജയില്‍ ജീവനക്കാര്‍ വാതില്‍ തുറന്ന നിമിഷം, ഉള്ളിലുണ്ടായിരുന്നവര്‍ ഒന്നടങ്കം ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കീഴടക്കുകയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ 9 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.