Share this Article
News Malayalam 24x7
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌താൽ ക്രിമിനൽ കുറ്റം ചുമത്താം: ഹൈക്കോടതി
വെബ് ടീം
posted on 20-01-2026
1 min read
whatsapp

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നായ വാട്സാപ്പ് ഉപയോഗം സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാല്‍, അത്തരം ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി കേരള ഹൈക്കോടതി. വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ അതിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല. അതിനാല്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് ഉച്ചരിക്കുന്നതിന് തുല്യമായ കണക്കാക്കാം എന്നും ജസ്റ്റിസ് ശ്യാം കുമാര്‍ വി എം ഒരു വിധിന്യായത്തില്‍ വ്യക്തമാക്കി.

വ്യക്തിഗത അക്കൗണ്ടുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ വാട്‌സ്ആപ്പ് ഒരു പൊതു സ്ഥലമല്ലെങ്കില്‍ക്കൂടിയും, വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അത് അതിലെ അംഗങ്ങള്‍ക്കെല്ലാം കാണാനാകും എന്നതിനാല്‍ അതിനെ വ്യക്തിഗതമായി കാണാനാവില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്നോ ക്ലോസ്‌ഡ് ഗ്രൂപ്പാണെന്നോ ഉള്ള എന്നുള്ള വാദം ഇത്തരം കേസുകളില്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിധിയിലുണ്ട്.

2019ല്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ഒരു കേസ് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധിന്യായം. 2019ല്‍ ഒരു കമ്പനിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുന്‍ ജീവനക്കാരിയുടെ പേരെടുത്ത് പറഞ്ഞ് അശ്ലീല സന്ദേശം ഒരാള്‍ പോസ്റ്റ് ചെയ്‌തു എന്ന ആരോപണമായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വനിതയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്ഐആറും നടപടിക്രമങ്ങളും റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതി ഭാഗം ഹൈക്കോടതിയെ സമീപിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories