തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് 5 വരെ 1181 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. 676 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. മാ ർച്ച് 24 നാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം. അതിനു ശേഷം തിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. ഇത്തവണ പത്രിക സമര്‍പ്പിക്കാനുള്ള സമരം വളരെ കുറവായിരുന്നു. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.
പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26 നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർഥ സ്ഥാനാർഥി ചിത്രം തെളിയുക.
പറവൂരിലെ യു ഡി എഫ് സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാലയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണൻ, നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രൻ, ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍, അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർഥി വി എസ് ശിവകുമാർ, തിരുവനന്തപുരം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സുധീർ കരമന, എൻ ഡി എ സ്ഥാനാർഥി കരമന ജയൻ തുടങ്ങിയവരടക്കം പത്രിക നൽകി. പയ്യന്നൂരിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക നൽകി.