Share this Article
News Malayalam 24x7
സംസ്ഥാനത്ത് നാളെ രാവിലെ ആറു മുതൽ ഹർത്താൽ, അവശ്യസർവീസുകളെ ഒഴിവാക്കി; ഹർത്താലിന് നേതൃത്വം നൽകുന്നത് 52 ദളിത് സംഘടനകൾ
വെബ് ടീം
posted on 27-04-2026
1 min read
harthal

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുമെന്ന് ആക്‌ഷൻ കൗൺസിൽ. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. കണ്ണൂരിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങില്ല. പതിവുപോലെ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകമ്പോളങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.

52 ദളിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിധിൻരാജ് ആക്ഷൻ ‍കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories