പാര്‍ലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളം ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഭരണഘടന വിദഗ്ദരായ സീനിയര്‍ അഭിഭാഷകരില്‍ നിന്ന് ലഭിച്ച നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളുടെ നീക്കം. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തമ്മില്‍ ആശയ വിനിമയം നടത്തി. കേരളത്തിന് പുറമെ കര്‍ണാടകം, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ആണ് പാര്‍ലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2026 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തില്‍ ഇരിക്കുന്ന ജാര്‍ഖണ്ഡും നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കും.