തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. മിക്കയിടങ്ങളിലും ഇന്നലെ രാത്രിയില്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കൊടും ചൂടില്‍ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് കാരണം. സമാന സ്ഥിതിയുള്ളതിനാല്‍ നിയന്ത്രണം തുടര്‍ന്നേക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
മഴയില്ലാത്തതിനാല്‍ സംസ്ഥാനത്ത് ചൂട് ശക്തമായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 7.15ഓടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. കെഎസ്ഇബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. എല്ലാം കൂടി ആയപ്പോള്‍ ഇന്നലെ രാത്രിയില്‍ ഒന്നിലധികം തവണ കറന്റ് കട്ടായി.
4,999 മെഗാവാട്ടായിരുന്നു പീക്ക് ഡിമാന്‍ഡ്. ആകെ 93.74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. മഴയെ തുടര്‍ന്നുള്ള കല്‍ക്കരി ക്ഷാമം ഉത്തരേന്ത്യയിലെ വൈദ്യുതി ഉല്‍പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിനുള്ള കേന്ദ്രവിഹിതവും കുറഞ്ഞു. ജലവൈദ്യുത നിലയങ്ങളില്‍ നിന്ന് 24 ദശലക്ഷം യൂണിറ്റ് മാത്രമാണ് ലഭിച്ചത്. ഏകദേശം 67 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്. എന്നാല്‍, ഇതില്‍ കൂടുതല്‍ വൈദ്യുതി കിട്ടാനില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.