ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയെ സമീപിച്ച് കേരള യൂണിയന് ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 2026 ഒക്ടോബര്‍ 10, 11 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകരെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചു, ശാരീരികമായി ആക്രമിച്ചു, കൈയേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് KUWJ സുപ്രീം കോടതിയെ സമീപിച്ചത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് സംഘടനയുടെ ആവശ്യം. മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും അവരുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമുണ്ടാക്കരുതെന്ന് ഒക്ടോബര്‍ 9, 11 തീയതികളില്‍ സുപ്രീംകോടതി നല്കിയ ഇടക്കാല ഉത്തരവുകളുടെ ലംഘനമാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും KUWJ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.