കണ്ണൂര് പെരിങ്ങത്തൂര് സ്വദേശിയായ 17 കാരന് ശിവസൂര്യയെ കാണാതായതില് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില് ക്രൈംബ്രാഞ്ച് എഫ്ഐആര് രജിസ്റ്റര് ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സനില്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വഷണം ആവശ്യപ്പെട്ട് ശിവസൂര്യയുടെ കുടുംബവും ആക്ഷന് കമ്മിറ്റിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തില് അലിയും എന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. മാതാപിതാക്കള് മൊബൈല് ഫോണ് വാങ്ങിവച്ചതിനെ തുടര്ന്നാണ് വീട് വിട്ടത്. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലും വാരണാസിയിലും അടക്കം പരിശോധന നടത്തിയിരുന്നു.