ചുരു: ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ 49-കാരൻ കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിൽ അസ്പാൽസർ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ ബിർബൽറാം മേഘ്വാളാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
ജിമ്മിലെ ട്രെഡ്മില്ലിൽ സാധാരണ രീതിയിൽ ഓടിക്കൊണ്ടിരുന്ന ബിർബൽറാം പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് മുന്നോട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ഇദ്ദേഹത്തെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജിമ്മുകളിലും മറ്റും കഠിനമായ വർക്കൗട്ട് ചെയ്യുന്നതിനിടെ ഉണ്ടാകുന്ന കുഴഞ്ഞുവീഴലുകൾക്ക് പിന്നിൽ വ്യായാമം നേരിട്ടൊരു കാരണമാകണമെന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.