Share this Article
News Malayalam 24x7
വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി, തേങ്ങയ്ക്കും കൊക്കോയ്ക്കും ഇനി നഷ്ടപരിഹാരം, പരിധിയും അപേക്ഷകളിലെ നിയന്ത്രണവും ഒഴിവാക്കി
വെബ് ടീം
1 hours 53 Minutes Ago
1 min read
wildlife

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നഷ്ടപരിഹാര തുകയ്ക്ക് ഏർപ്പെടുത്തിയിരുന്ന പരമാവധി പരിധിയും കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി, പുലി എന്നിവയുടെ ആക്രമണം വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് കർഷകർക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനം.

കാർഷിക വിളകളായ തേങ്ങ, കൊക്കോ എന്നിവയെ പുതുതായി നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം വന്യജീവി ആക്രമണത്തിൽ നശിക്കുന്ന തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം ലഭിക്കും.

കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വിശദമായി പരിശോധിച്ചപ്പോൾ, നിലവിൽ നൽകിവരുന്ന തുക വളരെ കുറവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. നഷ്ടപരിഹാര തുകയിൽ കാലാനുസൃതമായ വർധനവ് വരുത്തണമെന്ന് കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് ഉത്തരവിറക്കിയത്.കൃഷിനാശമോ കാർഷികോല്പന്നങ്ങളുടെ നാശമോ ഉണ്ടായാൽ നഷ്ടം കൃത്യമായി വിലയിരുത്തുന്നതിനായി കർഷകർ 72 മണിക്കൂറിനുള്ളിലോ പരമാവധി രണ്ട് ആഴ്ചയ്ക്കുള്ളിലോ അധികൃതരെ വിവരം അറിയിക്കേണ്ടതാണ്. തുടർന്ന് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ആറ് മാസത്തിനുള്ളിൽ ഔദ്യോഗികമായി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, അപേക്ഷകരുടെ അർഹത സംബന്ധിച്ച് നിലവിലുള്ള മറ്റ് നിബന്ധനകളിൽ മാറ്റങ്ങളൊന്നുമില്ലെന്നും അവ പഴയതുപോലെ തന്നെ തുടരുമെന്നും വനംവകുപ്പ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories