Share this Article
മോദിയുടെ തട്ടകമായ വാരണാസിയിൽ സമാജ്‌വാദി പാർട്ടിക്ക് മിന്നും ജയം,കർണാടകയിൽ കോൺഗ്രസിന് നാല് എംഎല്‍സി സീറ്റിലും തോല്‍വി
വെബ് ടീം
1 hours 1 Minutes Ago
1 min read
varanasi

ലഖ്‌നൗ,ബെംഗളൂരു: കർണാടകയിലും ഉത്തർപ്രദേശിലും നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്ക് സമ്മിശ്ര ഫലം. കർണാടകയിൽ കോൺഗ്രസ് മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ടപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസി, ആഗ്ര അധ്യാപക മണ്ഡലങ്ങൾ നഷ്ടമായി.

കർണാടകയിൽ ഒക്ടോബർ 23ന് നടന്ന തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. ബെംഗളൂരു അധ്യാപക മണ്ഡലം, നോർത്ത്-ഈസ്റ്റ് അധ്യാപക മണ്ഡലം, സൗത്ത്-ഈസ്റ്റ് ബിരുദധാരി മണ്ഡലം, വെസ്റ്റ് ബിരുദധാരി മണ്ഡലം എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബെംഗളൂരു അധ്യാപക മണ്ഡലത്തിലും നോർത്ത്-ഈസ്റ്റ് അധ്യാപക മണ്ഡലത്തിലും ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റ് രണ്ട് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാത്രി വൈകിയും തുടർന്നു.

ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ കോൺഗ്രസിൻ്റെ സിറ്റിങ് എംഎൽസി പുട്ടണ്ണയെ ജെഡിഎസ് സ്ഥാനാർഥി എ പി രംഗനാഥ് 908 വോട്ടിന് പരാജയപ്പെടുത്തി. രംഗനാഥിന് 10,810 വോട്ടും പുട്ടണ്ണയ്ക്ക് 9,902 വോട്ടും ലഭിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിഎസിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ നേതാവാണ് പുട്ടണ്ണ. ഇരുവരും വൊക്കലിഗ സമുദായത്തിൽപ്പെട്ടവരാണ് എന്നതും മത്സരത്തെ ശ്രദ്ധേയമാക്കിയിരുന്നു.

നോർത്ത്-ഈസ്റ്റ് അധ്യാപക മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ് എംഎൽസി ശശിൽ ജി നമോഷി കോൺഗ്രസ് സ്ഥാനാർഥി ശരണപ്പ മട്ടൂരിനെ പരാജയപ്പെടുത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗി ഉൾപ്പെടുന്ന മേഖലയിലെ നമോഷിയുടെ അഞ്ചാം വിജയമാണിത്. 3,297 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം, 15,596 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് 12,299 വോട്ടാണ് ലഭിച്ചത്.

സൗത്ത്-ഈസ്റ്റ് ബിരുദധാരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കെ എം സുരേഷ് കോൺഗ്രസ് സ്ഥാനാർഥി ശശി ഹുലികുന്തെ മഠിനെ 23,098 വോട്ടിൻ്റെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. സുരേഷിന് 66,020 വോട്ടും കോൺഗ്രസ് സ്ഥാനാർഥിക്ക് 42,922 വോട്ടും ലഭിച്ചു. വെസ്റ്റ് ബിരുദധാരി മണ്ഡലത്തിൽ സിറ്റിങ് ബിജെപി എംഎൽസി എസ് വി ശങ്കനൂർ കോൺഗ്രസിൻ്റെ മോഹൻ ലിംബികായെ 9,323 വോട്ടിന് പരാജയപ്പെടുത്തി, 33,711 വോട്ടാണ് ശങ്കനൂർ നേടിയത്.

നിലവിൽ 75 അംഗ കൗൺസിലിൽ 38 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്, 24 ബിജെപി, 6 ജെഡിഎസ്, ഒരു സ്വതന്ത്രൻ, ചെയർമാൻ സലീം അഹമ്മദ് എന്നിങ്ങനെയാണ് കക്ഷിനില. സർക്കാർ നാമനിർദേശം ചെയ്യേണ്ട അഞ്ച് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റുകൾ നികത്തുന്നതോടെ കോൺഗ്രസിൻ്റെ അംഗബലം വർധിക്കും അതേസമയം, ഉത്തർപ്രദേശിൽ 11 എംഎൽസി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി നാല് സീറ്റുകളിലും സമാജ്‌വാദി പാർട്ടി രണ്ട് സീറ്റുകളിലും വിജയിച്ചു. 2,697 പോളിങ് സ്റ്റേഷനുകളിലായി ഒക്ടോബർ 23ന് നടന്ന വോട്ടെടുപ്പിൽ 55.24 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിമാനപ്പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പ് കാണുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories