അര്‍ണാബ് ചുഴലിക്കാറ്റിന്റെ ബാഹ്യഭാഗം ആന്ധ്രാപ്രദേശ് തീരത്ത് കര തൊട്ടു. ഈസ്റ്റ് -വെസ്റ്റ് ഗോദാവരി,കൊനസീമ, കാക്കിനാഡ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്. വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. 125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അടുത്ത നാല് മണിക്കൂര്‍ കൂടി കാറ്റ് ഇതേ വേഗതയില്‍ തുടരും. നിരവധി മരങ്ങള്‍ കടപുഴകി വീണു. ബോട്ടുകള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ എത്താമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വേലിയേറ്റനിരപ്പിനേക്കാള്‍ ഒന്നര മുതല്‍ രണ്ടര മീറ്റര്‍ വരെ കടല്‍വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി. തീരദേശത്തുനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുന്‍കരുതലിന്റെ ഭാഗമായി ട്രെയിന്‍, വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.