Share this Article
ട്രെയിനില്‍ മൊബൈല്‍ ചാര്‍ജിങിന് നിയന്ത്രണം; രാത്രി പതിനൊന്ന് മുതൽ ചാർജിങ് ഇല്ല; വൈദ്യുതി വിച്ഛേദിക്കും, നിയന്ത്രണം കർശനമാക്കി റെയിൽവേ
വെബ് ടീം
0 hours 57 Minutes Ago
1 min read
railway

ന്യൂഡൽഹി: ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ഫോൺ ചാർജിങ് അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. കോച്ചുകളിലെ ചാർജിങ് പോയിന്റുകൾ ഈ സമയത്ത് നിർബന്ധമായും ഓഫ് ചെയ്യണമെന്നാണ് റെയിൽവേയുടെ നിർദേശം. അടുത്തിടെ മൊബൈൽ ഫോണുകൾക്കും പവർ ബാങ്കുകൾക്കും തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും റെയിൽവേ ബോർഡ് ഔദ്യോഗിക അറിയിപ്പിലൂടെ ആവശ്യപ്പെട്ടു. രാത്രി സമയത്തെ ചാർജിങ് നിയന്ത്രണത്തിൽ യാതൊരു ഇളവും അനുവദിക്കരുതെന്നും ട്രെയിനിലെ ജീവനക്കാർ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് ബോധവൽക്കരണവും പരിശീലനവും നൽകാനും നിർദേശമുണ്ട്.

ഒക്ടോബർ 24ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്ന മുംബൈ-ഹൗറ മെയിലിലെ എസി കോച്ചിൽ രാത്രി ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചിരുന്നു. നിശ്ചിത സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ ട്രെയിനിലെ ജീവനക്കാർ വീഴ്ച വരുത്തിയതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടി.

രാത്രി ചാർജിങ് നിയന്ത്രണം ഇത്തവണ  കർശനമാക്കിയിരിക്കുകയാണ്  റെയിൽവേ.ട്രെയിനുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകൾ രാത്രി 11 മുതൽ പുലർച്ചെ 5 വരെ ഓഫ് ചെയ്യണമെന്ന നിർദേശം റെയിൽവേ ബോർഡ് നേരത്തേ നൽകിയിരുന്നു. ഈ നിർദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് കൃത്യമായ ഉത്തരവാദിത്തം നൽകണമെന്നാണ് പുതിയ നിർദേശത്തിലെ പ്രധാന കാര്യം.

നിശ്ചിത ആറു മണിക്കൂർ സമയപരിധിയിൽ ചാർജിങ് പോയിന്റുകൾ പ്രവർത്തനരഹിതമാക്കണം. ഇതിൽ വീഴ്ച വരുത്തുന്ന സാഹചര്യം ഒഴിവാക്കാൻ ഓൺബോർഡ് ജീവനക്കാരുടെ പ്രവർത്തനം നിരീക്ഷിക്കാനും ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധനകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories