Share this Article
News Malayalam 24x7
ഇറാനുമായുള്ള സാമ്പത്തിക യുദ്ധം മുറുക്കുമെന്ന് ഡൊണാൾഡ് ട്രംപ്
Donald Trump

ഇറാനെതിരെ നേരിട്ടുള്ള സൈനിക ആക്രമണത്തിന് പകരം സാമ്പത്തിക ഉപരോധങ്ങളും യുദ്ധവും കൂടുതൽ ശക്തമാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ കാരണം ഇറാന്റെ കറൻസിയായ 'റിയാൽ' നിലവിൽ വെറും പാഴ്ക്കടലാസായി മാറിയെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായി ഭാഗികമായ ചർച്ചകൾ മാത്രമാണ് നടക്കുന്നത്. അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.

അതിനിടെ, ഇറാനിൽ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ നേതൃത്വത്തിൽ വൻ ഭരണപരമായ അഴിച്ചുപണി നടന്നു. ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മുഹമ്മദ് ബാഖർ സോൾഖാദറിനെ മാറ്റി. പകരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ (IRGC) മുൻ കമാൻഡർ മോഹ്സിൻ റസായെ പുതിയ സെക്രട്ടറിയായി നിയമിച്ചു. യു.എസിന്റെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ശക്തമായ പ്രത്യാക്രമണം നടത്തുന്നതിനാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ.

സ്ട്രാറ്റജിക് പ്രാധാന്യമുള്ള ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ധാരണ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇറാൻ അറിയിച്ചു. എന്നാൽ, കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാനെ യാതൊരു കാരണവശാലും ആണവായുധ ശേഷി കൈവരിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories