വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴയെത്തുന്നത്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 28 ശതമാനം മഴ കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സീസണ്‍ കഴിഞ്ഞെങ്കിലും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. വരുംദിവസങ്ങളിലെ മഴയോടെ തുലാവര്‍ഷത്തിന് ആരംഭമാവും.