സംസ്ഥാനത്ത് കനത്ത പോളിങ്. ഇതുവരെ 67.10 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തി. മധ്യകേരളത്തിലും പാലക്കാടും കനത്തപോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പൊതുവെ വോട്ടിങ് കുറഞ്ഞു നില്‍ക്കുന്ന തെക്കന്‍ജില്ലകളിലും രാവിലെ മുതല്‍ ക്രമാനുഗതമായി പോളിങ് ശതമാനം ഉയരുകയാണ്.
അതേ സമയം തൃശ്ശൂർ വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-65)ആണ് മരിച്ചത്. രാവിലെ 10.45-നായിരുന്നു സംഭവം.വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞുവീണു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.